
തിരുവനന്തപുരം: ജില്ലാ കളക്ടറുടെ അധികാരങ്ങളും ചുമതലകളും സമഗ്രമായി വിശദീകരിക്കുന്ന ‘Powers and Functions of District Collectors’ എന്ന ഗ്രന്ഥം ഭരണരംഗത്തിനും പൊതുസമൂഹത്തിനും ഒരുപോലെ പ്രയോജനകരമായ റഫറൻസ് പുസ്തകമാണെന്ന് എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. പൊതുവിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു ഐഎഎസ് രചിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജനാധിപത്യ ഭരണസംവിധാനത്തിന്റെ നട്ടെല്ലാണ് സിവിൽ സർവീസെന്നും, അതിൽ ഏറ്റവും ജനകീയവും നിർണായകവുമായ പദവിയാണ് ജില്ലാ കളക്ടറുടേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒരു ജില്ലയുടെ ദൈനംദിന ഭരണനിർവഹണത്തിലും വികസന പ്രവർത്തനങ്ങളിലും കളക്ടർ വഹിക്കുന്ന പങ്ക് നിർണായകമാണെങ്കിലും, ആ പദവിയുടെ അധികാരങ്ങളെയും സാധ്യതകളെയും കുറിച്ച് പൊതുജനങ്ങൾക്ക് മതിയായ ധാരണയില്ലെന്ന സാഹചര്യത്തിൽ ഈ ഗ്രന്ഥം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഡി. സജിത് ബാബുവിനെ ഏറെ നാളായി പരിചയമുള്ള വ്യക്തിയാണെന്നും, ജില്ലാ കളക്ടർ, സഹകരണ മേഖലയിലെ നിയമങ്ങളിലും പ്രസ്ഥാനങ്ങളിലും അവഗാഹമുള്ള ഉദ്യോഗസ്ഥൻ, നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ടെന്നും മന്ത്രി കുറിപ്പിൽ പരാമർശിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോർപ്പറേറ്റീവ് സ്റ്റോഴ്സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ജില്ലാ കളക്ടർമാരുടെ അധികാരങ്ങളും പ്രവർത്തനങ്ങളും കൃത്യമായി രേഖപ്പെടുത്തിയ മികച്ച റഫറൻസ് ഗ്രന്ഥമാണെന്നും, ഭരണപഠന രംഗത്തുള്ളവർക്കും ഉദ്യോഗസ്ഥർക്കും പൊതുസമൂഹത്തിനും ഒരുപോലെ ഉപകാരപ്പെടുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു.
ഈ വിഷയത്തിൽ ഡോ. ഡി. സജിത് ബാബു നടത്തിയ കഠിനാധ്വാനം പ്രശംസനീയമാണെന്നും, കരിയറിലുടനീളം പഠിക്കാനുള്ള താത്പര്യവും മനുഷ്യസ്നേഹപരമായ സമീപനവും തുടർന്നും നിലനിർത്താൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നതായും മന്ത്രി എം. ലിജു തന്റെ കുറിപ്പിൽ വ്യക്തമാക്കി.