You are currently viewing കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർസൽ സേവനം പുനഃസ്ഥാപിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി രാജ്മോഹൻ ഉണ്ണിത്താൻ എംപി

കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർസൽ സേവനം പുനഃസ്ഥാപിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി രാജ്മോഹൻ ഉണ്ണിത്താൻ എംപി

ന്യൂഡൽഹി: കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർസൽ സേവനം ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് നിവേദനം നൽകി. ദക്ഷിണ റെയിൽവേയുടെ പാർസൽ സേവനം നിർത്തലാക്കിയ നടപടി ഏകപക്ഷീയമാണെന്നും അത് ഉടൻ പിൻവലിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ എംപി വ്യക്തമാക്കിയത്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പ്രധാന അവശ്യസേവനങ്ങളിലൊന്നായ പാർസൽ സേവനം അവസാനിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റേഷന്റെ വികസനത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനിടയിൽ അടിസ്ഥാന സൗകര്യങ്ങൾ തന്നെ ഇല്ലാതാക്കുന്ന നടപടി സ്വകാര്യവൽക്കരണം ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണോയെന്ന സംശയം ഉയരുന്നതായും എംപി ആരോപിച്ചു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ പ്രതിഷേധം ശമിപ്പിക്കാനാണ് ലഗേജ് ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയതെന്നും, എന്നാൽ മുമ്പുണ്ടായിരുന്ന രീതിയിൽ പൂർണമായ പാർസൽ ബുക്കിങ് സേവനം പുനരാരംഭിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2026 ജൂലൈ 25 മുതൽ കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർസൽ സേവനം പൂർണമായും നിർത്തലാക്കുന്ന ഉത്തരവാണ് റെയിൽവേ പുറത്തിറക്കിയതെന്ന് എംപി ചൂണ്ടിക്കാട്ടി. സേവനം അവസാനിപ്പിക്കുന്നതിന് മുമ്പ് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ മുന്നറിയിപ്പോ ബദൽ ക്രമീകരണത്തിനുള്ള സമയമോ നൽകിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

പാർസൽ സേവനം നിർത്തലാക്കിയതോടെ കാസർഗോഡ് ജില്ലയിലെ വ്യാപാരികളും പൊതുജനങ്ങളും പാർസൽ അയയ്ക്കുന്നതിനായി കണ്ണൂർ, മംഗളൂരു റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്നും ഇത് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജില്ലയിലെ ഏക റെയിൽവേ പാർസൽ സേവനം അവസാനിപ്പിച്ച നടപടി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും സേവനം ഉടൻ പൂർണമായും പുനഃസ്ഥാപിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply