You are currently viewing ട്രെയിനിലെ ഭക്ഷണ ഗുണനിലവാരം നിരീക്ഷിക്കാൻ എഐ ക്യാമറകൾ; ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ പുതിയ സംവിധാനം

ട്രെയിനിലെ ഭക്ഷണ ഗുണനിലവാരം നിരീക്ഷിക്കാൻ എഐ ക്യാമറകൾ; ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ പുതിയ സംവിധാനം

ന്യൂഡൽഹി: ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സിസിടിവി സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ പരിധിയിലെ പാൻട്രി കാറുകളിലും ബേസ് കിച്ചണുകളിലുമാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

ഭക്ഷണം തയ്യാറാക്കുന്നത്, ശുചിത്വം പാലിക്കുന്നുണ്ടോ, പാക്കിങ്, ഭക്ഷണ വിതരണം എന്നിവ തത്സമയം നിരീക്ഷിക്കുന്നതിനാണ് എഐ ക്യാമറകൾ സ്ഥാപിക്കുന്നത്. വീഴ്ചകൾ കണ്ടെത്തി വേഗത്തിൽ നടപടി സ്വീകരിക്കുന്നതിനും സംവിധാനത്തിലൂടെ സാധിക്കും.

റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അവലോകനത്തിന് പിന്നാലെയാണ് നടപടി. ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് യാത്രക്കാരിൽനിന്ന് തുടർച്ചയായി ഉയരുന്ന പരാതികൾ കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കുന്നത്.

ഈസ്റ്റ് സെൻട്രൽ റെയിൽവേ മേഖലയിൽ 73 പാൻട്രി കാറുകളിലും 62 ബേസ് കിച്ചണുകളിലുമാണ് എഐ നിരീക്ഷണ സംവിധാനം ലക്ഷ്യമിടുന്നത്.

രാജ്യവ്യാപകമായി ഐആർസിടിസി നേരത്തെ തന്നെ 800-ലധികം ബേസ് കിച്ചണുകളിൽ ആയിരക്കണക്കിന് എഐ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇവ ഡൽഹിയിലെ കേന്ദ്ര വാർ റൂമുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ശുചിത്വവുമായി ബന്ധപ്പെട്ട വീഴ്ചകൾ കണ്ടെത്തുമ്പോൾ സംവിധാനം സ്വമേധയാ അലർട്ടുകൾ നൽകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

പുതിയ സംവിധാനത്തിലൂടെ ട്രെയിൻ ഭക്ഷണ വിതരണ ശൃംഖലയിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനാകുമെന്നാണ് റെയിൽവേയുടെ ലക്ഷ്യം.

Leave a Reply