You are currently viewing സ്വന്തം ചെലവിൽ കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ്; മാതൃകയായി അങ്കമാലിക്കാരനായ കെ.ടി. ജോസ്

സ്വന്തം ചെലവിൽ കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ്; മാതൃകയായി അങ്കമാലിക്കാരനായ കെ.ടി. ജോസ്

അങ്കമാലി: കെ.എസ്.ആർ.ടി.സിക്ക് സ്വന്തം ചെലവിൽ പുതിയ ബസ് വാങ്ങി നൽകാനൊരുങ്ങി അങ്കമാലിക്കാരനായ വ്യവസായി കെ.ടി. ജോസ്. ഹീ മാൻ ഓട്ടോ റോബോപാർക്ക് പ്രൈവറ്റ് ലിമിറ്റഡ് ഉടമയായ കെ.ടി. ജോസിന്റെ നടപടിയെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു.

ബസ് വാങ്ങുന്നതിനുള്ള തുകയുടെ ചെക്ക് കെ.ടി. ജോസ് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയതായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ചെക്ക് ഗതാഗത മന്ത്രിക്ക് കൈമാറി. പുതിയ ബസ് അങ്കമാലി ഡിപ്പോയ്ക്ക് തന്നെ അനുവദിക്കണമെന്ന ആവശ്യവും കെ.ടി. ജോസ് മുഖ്യമന്ത്രിയോടും ഗതാഗത മന്ത്രിയോടും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചതായും റോജി എം. ജോൺ വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിക്ക് കൈത്താങ്ങാകുന്നതിനായി സ്വന്തം ചെലവിൽ ബസ് നൽകുന്ന നടപടിയിലൂടെ പൊതുമേഖലയോടുള്ള പിന്തുണയാണ് കെ.ടി. ജോസ് പ്രകടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തി കെ.എസ്.ആർ.ടി.സിക്ക് ഇത്തരത്തിൽ ഒരു ബസ് സംഭാവനയായി നൽകുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
കെ.ടി. ജോസിന്റെ പ്രവർത്തനം പൊതുമേഖലയെ പിന്തുണയ്ക്കാൻ സുമനസുകളെ പ്രചോദിപ്പിക്കുന്ന മാതൃകയാണെന്നും റോജി എം. ജോൺ കുറിച്ചു. അങ്കമാലിയുടെ പേരിൽ നടത്തിയ ഈ ഇടപെടലിന് കെ.ടി. ജോസിന് ഹൃദയപൂർവം നന്ദിയും സ്നേഹവും അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

Leave a Reply