You are currently viewing താവക്കരയിൽ സ്വകാര്യ ബസ് ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥിനികൾക്ക് ഗുരുതര പരിക്ക്

താവക്കരയിൽ സ്വകാര്യ ബസ് ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥിനികൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ: താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് കോളേജ് വിദ്യാർത്ഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. വ്യാഴാഴ്ച (സെപ്റ്റംബർ 24) രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്.

പാനൂർ സ്വദേശിനി ആവണി, ചെറുപറമ്പ് സ്വദേശിനി സ്നേഹ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ബി.എസ്.സി ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥിനികളാണ്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ–വടകര റൂട്ടിൽ സർവീസ് നടത്തുന്ന ‘ഐവാൻ’ എന്ന സ്വകാര്യ ബസാണ് വിദ്യാർത്ഥിനികളെ ഇടിച്ചത്. വളവ് തിരിഞ്ഞെത്തിയ ബസ് അമിതവേഗത്തിലായിരുന്നുവെന്നും റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നുമാണ് വിവരം.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കണ്ണൂർ പൊലീസ് നടപടി ശക്തമാക്കി. ബസ് ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിന്റെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply