
കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബിജെപി ഔദ്യോഗിക പരാതി നൽകി. ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി. ബി. ഗോപകുമാറാണ് സംസ്ഥാന പൊലീസ് മേധാവിക്കും (ഡിജിപി) കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകിയത്.

2026 സെപ്റ്റംബർ 26-ന് കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ എത്തിയ അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള വിവിഐപിയുടെ വാഹനത്തിന് 50 മീറ്റർ അകലം വരെ പ്രതിഷേധക്കാർക്ക് എത്താൻ കഴിഞ്ഞത് കേരള പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് ബിജെപി വ്യക്തമാക്കുന്നു. അതീവ സുരക്ഷിത മേഖലയിലേക്ക് പ്രതിഷേധക്കാർക്ക് പ്രവേശനം ലഭിച്ചതെങ്ങനെയെന്നതിൽ ദുരൂഹതയുണ്ടെന്നും പാർട്ടി ആരോപിക്കുന്നു
സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായി പരാജയപ്പെട്ട സാഹചര്യത്തിൽ, ഇതിന് പിന്നിലെ ആസൂത്രണത്തെക്കുറിച്ചും കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥരെക്കുറിച്ചും അടിയന്തരമായി സമഗ്ര അന്വേഷണം നടത്തി കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച് കൊല്ലം നഗരത്തിലും ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും ബിജെപി പ്രവർത്തകർ പ്രകടനങ്ങൾ നടത്തി.
ദേശീയ സുരക്ഷാ പ്രാധാന്യമുള്ള വിഷയമായതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ പ്രാഥമിക വിവരശേഖരണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.