
കണ്ണൂർ: കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന മലയോര ബദൽ പാതയായ കൊട്ടിയൂർ–അമ്പായത്തോട്–തലപ്പുഴ (44-ാം മൈൽ) റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് ഇരു ജില്ലകളിലെയും ജനപ്രതിനിധികളുടെയും വിവിധ സംഘടനാ നേതാക്കളുടെയും സംയുക്ത യോഗം ചേർന്നു. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുന്നതിനൊപ്പം കണ്ണൂർ–വയനാട് യാത്രാദൂരം ഗണ്യമായി കുറയ്ക്കാനും ഈ പാത സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

റോഡ് വികസനവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാങ്കേതിക, ഭരണപരമായ തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ചും വിശദമായ ചർച്ച നടന്നു.
ഇരു ജില്ലകളുടെയും ഗതാഗത, വിനോദസഞ്ചാര, സാമ്പത്തിക മേഖലകൾക്ക് പ്രാധാന്യമുള്ള പദ്ധതിയായതിനാൽ ആവശ്യമായ നടപടികൾ ഏകോപിപ്പിച്ച് മുന്നോട്ടുപോകുന്നതിന് യോഗത്തിൽ ധാരണയായി.