
ബംഗളൂരു: ബംഗളൂരു–മൈസൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. തൊണ്ടർനാട് കുഞ്ഞോം സ്വദേശിനി അഫ്രീന (23) ആണ് മരിച്ചത്. മാനന്തവാടി സ്വദേശിയായ ബഷീറിന്റെ (ദമാം) മകൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യയാണ് അഫ്രീന. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബിടതിയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.

മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ് ബിൽഡിംഗ് ഉടമ ബഷീറിന്റെ ഭാര്യ, മകൾ, മകളുടെ രണ്ടുവയസ്സുള്ള കുട്ടി, മകൻ ഉവൈസ്, അഫ്രീന എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തിൽ അഫ്രീനയ്ക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. കാറിലുണ്ടായിരുന്ന മറ്റ് നാലുപേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ ഭരത് കെമ്പണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്രീനയുടെ മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.