You are currently viewing ഇന്ത്യൻ തീരക്കടലിലെ ചൂര സുരക്ഷിതം; ആശങ്ക വേണ്ടെന്ന് സിഎംഎഫ്ആർഐ

ഇന്ത്യൻ തീരക്കടലിലെ ചൂര സുരക്ഷിതം; ആശങ്ക വേണ്ടെന്ന് സിഎംഎഫ്ആർഐ

കൊച്ചി: ഇന്ത്യൻ തീരക്കടലിൽ ലഭിക്കുന്ന ചൂര മത്സ്യത്തിൽ ഹാനികരമായ വിരബാധ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ ഐസിഎആർ–സിഎംഎഫ്ആർഐ അറിയിച്ചു. സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ പതിവായി നടത്തുന്ന പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന നിർദേശം പുറത്തുവിട്ടത്.

ബ്രസീലിന് സമീപമുള്ള അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നുള്ള സ്കിപ്പ്ജാക്ക് ചൂര ഇനത്തിൽ വിരബാധ കണ്ടെത്തിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സിഎംഎഫ്ആർഐയുടെ വിശദീകരണം. ഒരു പ്രത്യേക സമുദ്രപ്രദേശത്തും പരിസ്ഥിതിയിലും കണ്ടെത്തുന്ന ഇത്തരം സംഭവങ്ങളെ വ്യത്യസ്ത ഭൂമിശാസ്ത്ര മേഖലകളിലെയും പരിസ്ഥിതിയിലെയും മത്സ്യങ്ങളിലേക്ക് പൊതുവായി ബാധകമാക്കാനാകില്ലെന്ന് സ്ഥാപനം വ്യക്തമാക്കി.

മത്സ്യം വൃത്തിയാക്കുമ്പോൾ ആന്തരികാവയവങ്ങൾ പൂർണമായി നീക്കം ചെയ്യുകയും നന്നായി കഴുകുകയും ശരിയായ രീതിയിൽ പാകം ചെയ്യുകയും ചെയ്യുന്നത് ഭക്ഷ്യസുരക്ഷാ സാധ്യതകൾ കുറയ്ക്കാൻ സഹായിക്കും. ചൂരയിൽ ഉയർന്ന നിലവാരത്തിലുള്ള പ്രോട്ടീൻ ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയതിനാൽ, ആവശ്യമായ ശുചിത്വവും പാചകരീതികളും പാലിച്ച് ചൂരയുടെ ഉപയോഗം തുടരാമെന്നും സിഎംഎഫ്ആർഐ നിർദേശിച്ചു.

ഇന്ത്യൻ തീരക്കടലിൽ നിന്നുള്ള ചൂരയുടെ സുരക്ഷ സംബന്ധിച്ച് അനാവശ്യ ആശങ്കകൾ വേണ്ടെന്നും, ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ മാത്രം പരിഗണിക്കണമെന്നും സ്ഥാപനം വ്യക്തമാക്കി.

Leave a Reply