You are currently viewing കായംകുളം–പുനലൂർ–ഇടമൺ പാത ദേശീയപാതയാക്കാൻ കേന്ദ്ര പരിഗണന

കായംകുളം–പുനലൂർ–ഇടമൺ പാത ദേശീയപാതയാക്കാൻ കേന്ദ്ര പരിഗണന

കായംകുളം–പുനലൂർ–ഇടമൺ പാതയെ നാലുവരിയാക്കി ദേശീയപാതയായി വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം രേഖാമൂലം അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി.

കായംകുളത്ത് ദേശീയപാത 66-ൽ നിന്ന് ചാരുംമൂട്, അടൂർ, പത്തനാപുരം, പുനലൂർ വഴി ഇടമണ്ണിൽ ദേശീയപാത 744-ലേക്ക് ബന്ധിപ്പിക്കുന്ന പാതയുടെ വികസനം സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. തുടർന്ന് ഓഗസ്റ്റ് മൂന്നിന് ലോക്സഭയിൽ റൂൾ 377 പ്രകാരവും വിഷയം ഉന്നയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത സഹമന്ത്രി അജയ് ടംത നൽകിയ മറുപടിയിലാണ് കായംകുളം–പുനലൂർ–ഇടമൺ ഇടനാഴിയുടെ പ്രാധാന്യം മന്ത്രാലയം പരിഗണിക്കുന്നതായി വ്യക്തമാക്കിയതെന്ന് എംപി പറഞ്ഞു.

ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ ഗതാഗത വികസനത്തിനും കാർഷികം, വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്കും പാതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയപാത 66-നെയും ദേശീയപാത 744-നെയും ബന്ധിപ്പിക്കുന്ന ഈ ഇടനാഴി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗത ബന്ധം കൂടുതൽ ശക്തമാക്കുമെന്നും എംപി വ്യക്തമാക്കി.

പുതിയ ദേശീയപാത പ്രഖ്യാപനത്തിനുള്ള നിർദ്ദേശങ്ങൾ ഗതാഗത ആവശ്യകത, വാഹന ഗതാഗതത്തിന്റെ സാന്ദ്രത, സാമ്പത്തികവും തന്ത്രപ്രധാനവുമായ പ്രാധാന്യം, പ്രധാന വികസന കേന്ദ്രങ്ങളുമായുള്ള ബന്ധം, പി.എം. ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനുമായുള്ള പൊരുത്തം, ലഭ്യമായ വിഭവങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം പരിശോധിക്കുക.

കായംകുളം–പുനലൂർ–ഇടമൺ പാതയെ ദേശീയപാതയായി വികസിപ്പിക്കണമെന്ന ആവശ്യം ദീർഘകാലമായി ഉന്നയിച്ചുവരുന്നതാണെന്നും ഇത് യാഥാർഥ്യമാക്കുന്നതിനായി കേന്ദ്ര സർക്കാരിൽ തുടർന്നും ശക്തമായ ഇടപെടൽ നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സംസ്ഥാന സർക്കാരിനും വിഷയത്തിൽ അനുകൂല നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പാതയ്ക്ക് ആവശ്യമായ കേന്ദ്ര അംഗീകാരവും തുടർ വികസനവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും എംപി വ്യക്തമാക്കി.

Leave a Reply