
ദമ്മാം: സൗദി അറേബ്യയിൽ വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിന്റെ (41) വധശിക്ഷയാണ് ഞായറാഴ്ച രാവിലെ ദമ്മാമിലെ ജയിലിൽ നടപ്പാക്കിയത്.

2023-ലാണ് ഒമാനിൽനിന്ന് അതിർത്തി കടന്ന് റോഡ് മാർഗം സൗദി അറേബ്യയിലേക്ക് പ്രവേശിക്കുകയായിരുന്ന അബൂട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 43 കിലോഗ്രാം നിരോധിത ലഹരിവസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതിൽ മെത്താംഫെറ്റമിനും ഉൾപ്പെട്ടിരുന്നു.

കേസിൽ വിചാരണ കോടതി അബൂട്ടിക്ക് വധശിക്ഷ വിധിച്ചു. തുടർന്ന് അപ്പീൽ കോടതിയും സൗദി സുപ്രീം കോടതിയും ശിക്ഷ ശരിവെക്കുകയായിരുന്നു. രാജവിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്.
തനിക്ക് ലഭിച്ച പാഴ്സലിൽ ലഹരിമരുന്നുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും മറ്റൊരാൾ തന്നെ ചതിച്ച് ഏൽപ്പിച്ചതാണെന്നും അബൂട്ടി വിചാരണവേളയിൽ വാദിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ഈ വാദം തള്ളുകയായിരുന്നു.
വധശിക്ഷ നടപ്പാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ഇന്ത്യൻ എംബസിയെ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രവാസി മലയാളി സമൂഹത്തിൽ ആശങ്ക ഉയർന്നിട്ടുണ്ട്.