
പയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് കത്ത് നൽകി.

പ്രതിവർഷം 24 കോടി രൂപ വരുമാനമുള്ള പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പുതിയ വർഗീകരണ പ്രകാരം എൻഎസ്ജി–3 വിഭാഗത്തിലാണ്. പയ്യന്നൂർ, തൃക്കരിപ്പൂർ, കല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെയും പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രത്തിലെയും ഉദ്യോഗസ്ഥരും ദീർഘദൂര യാത്രകൾക്കായി പയ്യന്നൂർ സ്റ്റേഷനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും യാത്രക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
പുതുതായി ആരംഭിച്ച രാമേശ്വരം–തിരുനെൽവേലി തീവണ്ടികൾക്ക് പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുകയും സർവീസുകൾ ദിവസേനയാക്കുകയും വേണം. പഴനി, മധുര വഴി സർവീസ് നടത്തുന്ന ഈ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും പ്രയോജനപ്പെടുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
പോണ്ടിച്ചേരി എക്സ്പ്രസുകൾക്കും (16857/16858), തിരുവനന്തപുരം അന്ത്യോദയ എക്സ്പ്രസുകൾക്കും (16355/16356) പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കാസർകോട്–തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് (20633/20634) സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കണം.
നിർമാണം ആരംഭിച്ച് രണ്ട് വർഷമായിട്ടും പൂർത്തിയാകാത്ത രണ്ടാമത്തെ മേൽനടപ്പാതയുടെ പണി അടിയന്തരമായി പൂർത്തിയാക്കണം. മേൽനടപ്പാതയിൽ ലിഫ്റ്റ്, എസ്കലേറ്റർ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ഷൊറണൂർ–മംഗളൂരു പാതയിൽ, പ്രത്യേകിച്ച് കോഴിക്കോട്–മംഗളൂരു ഭാഗത്ത് കൂടുതൽ എക്സ്പ്രസ്, മെമു തീവണ്ടികൾ അനുവദിക്കണം. കണ്ണൂരിൽ ദീർഘനേരം നിർത്തിയിടുന്ന ആലപ്പുഴ–കണ്ണൂർ, എറണാകുളം–കണ്ണൂർ എക്സ്പ്രസുകൾ കാസർകോട്ടേക്കോ മംഗളൂരുവിലേക്കോ നീട്ടണമെന്നും കത്തിൽ നിർദേശിച്ചു.
പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള രണ്ടാം കവാടത്തിൽ നിന്ന് നഗരത്തിലേക്കുള്ള റോഡ് വികസിപ്പിക്കാൻ റെയിൽവേ മുൻകൈയെടുക്കണം. ഉത്തരകേരളത്തിൽ നിന്ന് കൂടുതൽ തീവണ്ടികൾ ആരംഭിക്കുന്നതിനായി പയ്യന്നൂരിൽ പിറ്റ് ലൈൻ നിർമിക്കണമെന്നും വി. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.