
തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ കൗൺസിലറായി തുടരുമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. ആരോഗ്യപരമായ കാരണങ്ങളാലാണ് ശ്രീലേഖ നിലവിൽ മാറിനിൽക്കുന്നതെന്നും അവർ രാജിക്കത്ത് നൽകിയിട്ടില്ലെന്നും മേയർ വ്യക്തമാക്കി.

കൗൺസിലർമാർക്ക് പലവിധ വ്യക്തിപരവും ആരോഗ്യപരവുമായ പ്രശ്നങ്ങളുണ്ടാകാമെന്ന് വി.വി. രാജേഷ് പറഞ്ഞു. ഇത്തരം കാര്യങ്ങൾ കത്തിലൂടെ മേയറെ അറിയിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചെന്ന വാർത്തകൾക്കിടെയാണ് മേയറുടെ വിശദീകരണം. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
എന്നാൽ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ശ്രീലേഖ കൗൺസിലറായി തുടരുമെന്നുമുള്ള മേയറുടെ പ്രതികരണം രാജി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിടുന്നതാണ്.