
കണ്ണൂർ: പഴയങ്ങാടി പുതിയ പാലത്തിന്റെ നിർമ്മാണത്തിലെ നിർണായക ഘട്ടമായ സെന്റർ സ്പാന്റെ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി കുപ്പം പുഴയുടെ ആഴ പരിശോധന തുടങ്ങി. കല്യാശ്ശേരി എംഎൽഎ എം. വിജിനാണ് ഇക്കാര്യം അറിയിച്ചത്.

തൃശൂരിലെ കേരള എൻജിനിയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടർ ദിവ്യ സി.ജെയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന ആരംഭിച്ചത്. പരിശോധനാ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് സെന്റർ സ്പാന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എംഎൽഎ അറിയിച്ചു.

പാലത്തിന്റെ പൈലിങ് പ്രവൃത്തികൾ നേരത്തെ പൂർത്തിയായിരുന്നെങ്കിലും മധ്യഭാഗത്തെ നിർമ്മാണം സാങ്കേതിക തടസ്സങ്ങൾ കാരണം നീണ്ടുപോകുകയായിരുന്നു. ഇവിടെ സ്ലാബ് നിർമ്മാണത്തിന് അധിക സ്റ്റേജിങ് സംവിധാനം ആവശ്യമായി വരുമെന്ന പ്രാഥമിക വിലയിരുത്തലിനെ തുടർന്നാണ് പുഴയുടെ ആഴം പരിശോധിക്കാൻ തീരുമാനിച്ചത്.
പാലത്തിന്റെ നിർമ്മാണം അനന്തമായി നീളുന്ന സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ പൊതുമരാമത്ത് പ്രവൃത്തി അവലോകന യോഗത്തിലും നിർമ്മാണം വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നതായും എം. വിജിൻ വ്യക്തമാക്കി.
പിലാത്തറ–പഴയങ്ങാടി–പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ കുപ്പം പുഴയ്ക്ക് കുറുകെ നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.51 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന് കീഴിൽ കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയാണ് നിർമ്മാണം.
ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനത്തിന് തടസ്സമുണ്ടാകാത്ത വിധം പുഴയിൽ മണ്ണ് നിക്ഷേപിക്കാതെയും നീരൊഴുക്ക് തടസ്സപ്പെടുത്താതെയുമാണ് നിർമ്മാണം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒൻപത് സ്പാനുകളിലായി 246.15 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. ജലഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി 55.05 മീറ്റർ നീളത്തിലുള്ള സെന്റർ സ്പാനും പദ്ധതിയിലുണ്ട്. പ്രീസ്ട്രെസ്ഡ് കോൺക്രീറ്റ് ഗർഡർ, സോളിഡ് സ്ലാബ് മാതൃകയിൽ നിർമ്മിക്കുന്ന പാലത്തിന് 11 മീറ്റർ വീതിയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും ഉണ്ടായിരിക്കും.
പഴയങ്ങാടി ഭാഗത്ത് 98 മീറ്ററും താവം ഭാഗത്ത് 108 മീറ്ററും നീളത്തിൽ 11 മീറ്റർ വീതിയുള്ള അനുബന്ധ റോഡുകളും നിർമ്മിക്കും.
പാലത്തിന്റെ 66 പൈലുകളുടെയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്. പത്ത് പൈൽ ക്യാപ്പുകളിൽ എട്ടെണ്ണത്തിന്റെ പ്രവൃത്തിയും പൂർത്തിയായി. പിയർ, പിയർ ക്യാപ്പ് എന്നിവയുൾപ്പെടെയുള്ള അനുബന്ധ നിർമ്മാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്.
പുഴയുടെ ആഴ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ലഭിക്കുന്നതോടെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് സെന്റർ സ്പാന്റെ നിർമ്മാണം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.