
കൊല്ലം: വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസ്സിലെ രൂക്ഷമായ യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി എറണാകുളം–കോട്ടയം–ചെങ്ങന്നൂർ–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ മന്ത്രാലയത്തിൽനിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് പത്തുദിവസത്തിനകം ആരംഭിക്കാനാണ് നടപടികൾ പുരോഗമിക്കുന്നതെന്നും എംപി പറഞ്ഞു.

വേണാട് എക്സ്പ്രസ്സിലെ യാത്രക്കാരുടെ ദുരിതം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയതായും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. യാത്രക്കാരുടെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോകളും മന്ത്രിയെ കാണിച്ചിരുന്നു. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ പോലും മതിയായ ഇടമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഫീസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരെയാണ് തിരക്ക് ബാധിക്കുന്നത്.
വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പായി പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്നായിരുന്നു റെയിൽവേ മന്ത്രിയോട് പ്രധാനമായും ആവശ്യപ്പെട്ടതെന്ന് എംപി പറഞ്ഞു. ഇതിന്റെ തുടർനടപടിയായി മന്ത്രിയുടെ ഓഫീസ് നിർദേശം റെയിൽവേ ബോർഡിന് കൈമാറി. റെയിൽവേ ബോർഡ് സതേൺ റെയിൽവേയിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വൈകിട്ട് നാലുമണിയോടെ എറണാകുളം ജംഗ്ഷനിൽനിന്ന് വേണാട് എക്സ്പ്രസ്സിന് മുമ്പായി പുറപ്പെടുന്ന രീതിയിലാണ് പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആസൂത്രണം ചെയ്യുന്നത്. ഇതിനായി മെമു അല്ലെങ്കിൽ ഐസിഎഫ് കോച്ചുകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യത റെയിൽവേ പരിശോധിച്ചുവരികയാണ്.
ആദ്യഘട്ടത്തിൽ എറണാകുളത്തുനിന്ന് കോട്ടയം, ചെങ്ങന്നൂർ വഴി കൊല്ലം വരെയായിരിക്കും സർവീസ് പരിഗണിക്കുന്നത്. പിന്നീട് കൊല്ലത്തുനിന്ന് പുനലൂരിലേക്ക് സർവീസ് നീട്ടുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
പുതിയ സർവീസ് യാഥാർഥ്യമാകുന്നതോടെ എറണാകുളം മുതൽ കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, പുനലൂർ മേഖലകളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. വേണാട് എക്സ്പ്രസ്സിലെ അമിത തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിനും പുതിയ സർവീസ് സഹായിക്കുമെന്നും എംപി വ്യക്തമാക്കി.
തത്വത്തിലുള്ള അംഗീകാരം സമയബന്ധിതമായി ട്രെയിൻ സർവീസായി മാറുന്നതുവരെ റെയിൽവേ അധികൃതരുമായി തുടർച്ചയായി ഇടപെടുമെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
വേണാട് എക്സ്പ്രസ്സിലെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതുവരെ ഇടപെടൽ തുടരുമെന്നും യാത്രക്കാരുടെ അവകാശങ്ങൾക്കായി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.