
കൊല്ലം: പത്തനാപുരം കടശ്ശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. കടശ്ശേരി സ്വദേശിനി രാജമ്മ (80) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഉമ്മന്നൂരിൽ ജോലിക്കെത്തിയതായിരുന്നു രാജമ്മയും മറ്റ് തൊഴിലാളികളും. ജോലി ആരംഭിക്കുന്നതിന് മുന്നോടിയായി ഹാജർ രേഖപ്പെടുത്തുന്നതിനായി കൂട്ടമായി ഫോട്ടോ എടുക്കുന്നതിനിടെയാണ് തൊഴിലാളികളുടെ പിന്നിലൂടെ കാട്ടാന അപ്രതീക്ഷിതമായി പാഞ്ഞെത്തിയത്.

ആനയെ കണ്ട് മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യം കാരണം രാജമ്മയ്ക്ക് ഒഴിഞ്ഞുമാറാനായില്ല. കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാജമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വന്യജീവി ആക്രമണങ്ങൾ പതിവായ അതിർത്തി മേഖലയിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരും സി.പി.എം പ്രവർത്തകരും ആശുപത്രിയിൽ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ കളക്ടർ നേരിട്ട് ആശുപത്രിയിലെത്തിയ ശേഷം മാത്രമേ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടുനൽകൂ എന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.
ഇതേത്തുടർന്ന് ആശുപത്രി പരിസരത്ത് പോലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും സംഘർഷാവസ്ഥ രൂപപ്പെടുകയും ചെയ്തു.
സംഭവമറിഞ്ഞ് പത്തനാപുരം എം.എൽ.എ ജ്യോതികുമാർ ചാമക്കാല ആശുപത്രിയിലെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജമ്മയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വനംവകുപ്പുമായി ആലോചിച്ച് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുമെന്നും എം.എൽ.എ ഉറപ്പ് നൽകി. ഈ ഉറപ്പിനെത്തുടർന്നാണ് ആശുപത്രിയിലെ പ്രതിഷേധവും സംഘർഷാവസ്ഥയും പിന്നീട് ശാന്തമായത്.