
കൊല്ലം: റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ ഭരണകൂടം. അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്തി ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താനും തീരുമാനമായി.

അപകടസാധ്യതയുള്ള ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കും. കർബല ബാലികാമറിയം സ്കൂളിലെ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനായി പ്രത്യേക ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
കടവൂർ–മുട്ടത്ത്മൂല റോഡിലെ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. മൺറോതുരുത്ത് കനറാ ബാങ്ക് ജംഗ്ഷനിൽ പുതിയ ട്രാഫിക് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.
മേവറം ദേശീയപാതയിലെ പള്ളിമുക്ക്, പോളയത്തോട് ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും നടപടികളുണ്ടാകും. അഞ്ചൽ ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ പരിസരങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ പരിശോധനകളും തുടർനടപടികളും ശക്തമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.