
തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി.
ഡൽഹിയിലെത്തിയാണ് അടൂർ പ്രകാശ് പരാതി നേരിട്ട് കൈമാറിയത്. മുന്നണിയിലെ കൂടിയാലോചനകൾ ശക്തിപ്പെടുത്താൻ ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

പ്രധാനപ്പെട്ട പല സർക്കാർ തീരുമാനങ്ങളും മുന്നണി കൺവീനറായ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് അടൂർ പ്രകാശ് പരാതിയിൽ ചൂണ്ടിക്കാട്ടിയതായാണ് വിവരം. സർക്കാരിന്റെ നിർണായക തീരുമാനങ്ങളിൽ യുഡിഎഫിൽ കൃത്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും മുഖ്യമന്ത്രി മുന്നണി യോഗങ്ങൾ വിളിച്ചുചേർക്കാൻ മുൻകൈ എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

സർക്കാരിന്റെ പ്രവർത്തനങ്ങളിലും നയപരമായ തീരുമാനങ്ങളിലും മുന്നണിയിലെ ഘടകകക്ഷികൾക്ക് ആവശ്യമായ പങ്കാളിത്തവും അഭിപ്രായം അറിയിക്കാനുള്ള അവസരവും ഉറപ്പാക്കണമെന്നാണ് പരാതിയുടെ പ്രധാന ആവശ്യമെന്നാണ് സൂചന. വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് അടൂർ പ്രകാശ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഡൽഹിയിലെത്തി ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുന്നണിക്കുള്ളിലെ പ്രശ്നങ്ങളും അദ്ദേഹം നേതൃത്വത്തെ ധരിപ്പിച്ചതായാണ് വിവരം.
അടൂർ പ്രകാശ് നൽകിയ പരാതി എഐസിസി നേതൃത്വം വിശദമായി പരിശോധിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പരാതിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വവും യുഡിഎഫും തമ്മിലുള്ള ഏകോപനവും കൂടിയാലോചനാ സംവിധാനവും സംബന്ധിച്ച ചർച്ചകൾക്ക് പ്രാധാന്യമേറുകയാണ്.