
കൊല്ലം: പോരുവഴിയിൽ പാർക്കിൻസൺസ് രോഗബാധിതനായ ഭർത്താവിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ ഭാര്യ മറിയാമ്മ ജോസിനെ (59) ചെന്നൈയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

പോരുവഴി ചാത്താകുളം ജിജി ഭവനിൽ ജോസ് ഡാനിയേൽ എന്ന അലക്‌സ് (64) ആണ് മരിച്ചത്. കഴിഞ്ഞ 20ന് രാവിലെയാണ് ജോസിനെ മരിച്ച നിലയിൽ ഭാര്യ മറിയാമ്മ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആശുപത്രിയിലും ബന്ധുക്കളോടും മറിയാമ്മ പറഞ്ഞത്.

എന്നാൽ, ജോസിന്റെ കഴുത്തിലെ പാടുകളിലും ശരീരത്തിലെ മുറിവുകളിലും സംശയം തോന്നിയ ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ മൃതദേഹപരിശോധനയുടെയും ഫോറൻസിക് പരിശോധനയുടെയും ഫലങ്ങളാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ നയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പൊലീസ് മറിയാമ്മയെ ചെന്നൈയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.