
കൊല്ലം: മൈലം ഗ്രാമപഞ്ചായത്തിലെ കലയപുരത്ത് വിവിധ ഫണ്ടുകൾ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മൂന്ന് റോഡുകൾ എം.എൽ.എ കെ. എൻ. ബാലഗോപാൽ നാടിന് സമർപ്പിച്ചു. മുൻ ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന കെ. എൻ. ബാലഗോപാലിന്റെ ശ്രമഫലമായാണ് റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി വിവിധ പദ്ധതികളിലൂടെ ഫണ്ട് ലഭ്യമാക്കിയത്.

രണ്ട് കോടി രൂപ ചെലവഴിച്ച് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നിർമ്മിച്ച വായനശാല–ദർഭ റോഡാണ് ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതി. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പൊരുനനൽ–കൈമാംകുന്ന് റോഡും പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ആശ്രയ–തെക്കേക്കര–റേഷൻകട റോഡുമാണ് നാടിന് സമർപ്പിച്ച മറ്റ് രണ്ട് റോഡുകൾ.

മൂന്ന് റോഡുകളുടെയും നിർമ്മാണവും നവീകരണവും പൂർത്തിയായതോടെ പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ഗ്രാമീണ മേഖലയിലെ റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതികൾ നടപ്പാക്കിയത്.