
കണ്ണൂർ: പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ നിർമിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ജനുവരിയിൽ പ്രവർത്തനസജ്ജമാകുമെന്ന് കല്യാശ്ശേരി എംഎൽഎ എം. വിജിൻ അറിയിച്ചു. ആശുപത്രി നിർമാണ പ്രവൃത്തികൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തിയ ശേഷമാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പദ്ധതിക്കായി 14 കോടി രൂപയാണ് അനുവദിച്ചത്. ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളിലായി നിർമിക്കുന്ന മേറ്റേണിറ്റി ബ്ലോക്കിന്റെ 9 കോടി രൂപയുടെ കെട്ടിട നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. ശേഷിക്കുന്ന 5 കോടി രൂപയുടെ അനുബന്ധ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കി ജനുവരിയിൽ ആശുപത്രി സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

പുതിയ ബ്ലോക്കിൽ ലേബർ റൂം, പോസ്റ്റ് ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, പോസ്റ്റ് ഓപ്പറേഷൻ റൂം, ന്യൂബോൺ കെയർ, ലാബ്, ഒ.പി., ഐ.പി., കാഷ്വാലിറ്റി വിഭാഗങ്ങൾ എന്നിവ ഉൾപ്പെടും. നഴ്സസ് സ്റ്റേഷനുകൾ, ഡോക്ടർമാരുടെ മുറികൾ, സ്റ്റെറിലൈസേഷൻ റൂം, കാത്തിരിപ്പ് കേന്ദ്രം, ഓഫീസ്, സൂപ്രണ്ട് മുറി, എക്സാമിനേഷൻ–പ്രിപ്പറേഷൻ റൂം എന്നിവയും സജ്ജമാക്കും.
ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രത്യേക വിശ്രമമുറികൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക റസ്റ്റ് റൂമുകൾ, ശുചിമുറികൾ, റാംപ്, സ്റ്റെയർ, ലിഫ്റ്റ്, അഗ്നിസുരക്ഷാ സംവിധാനങ്ങൾ, വാർഡുകൾ, ബൈസ്റ്റാൻഡർ റസ്റ്റ് റൂം, ഡൈനിംഗ് ഹാൾ, കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി പൂർത്തിയാകുന്നതോടെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.