You are currently viewing നാട്ടിക ടോൾ പിരിവ് തീരുമാനം റദ്ദാക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി എൽഡിഎഫ് എംഎൽഎമാർ

നാട്ടിക ടോൾ പിരിവ് തീരുമാനം റദ്ദാക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി എൽഡിഎഫ് എംഎൽഎമാർ

തൃശൂർ: ദേശീയപാത 66ലെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ നാട്ടിക ടോൾ ബൂത്തിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ എൽഡിഎഫ് എംഎൽഎമാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബറിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് എംഎൽഎമാർ നിവേദനം സമർപ്പിച്ചത്. ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാതെ ടോൾ പിരിവ് നടത്താനുള്ള നീക്കത്തിൽ ഇടപെടണമെന്നും തീരുമാനം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം.

എംഎൽഎമാരായ എ.സി. മൊയ്തീൻ, കെ. രാജൻ, സി. രവീന്ദ്രനാഥ്, സേവ്യർ ചിറ്റിലപ്പിള്ളി, ഗീതാ ഗോപി, കെ.കെ. വത്സരാജ് എന്നിവരും നിവേദനം സമർപ്പിക്കുന്നതിനായി ഒപ്പമുണ്ടായിരുന്നു.

വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി എൻ.കെ. അക്ബർ അറിയിച്ചു.

Leave a Reply