You are currently viewing ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി പുനരാരംഭിക്കും; വൈദ്യുതി മന്ത്രിക്ക് നന്ദിയറിയിച്ച് ഷിബു തെക്കുംപുറം

ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി പുനരാരംഭിക്കും; വൈദ്യുതി മന്ത്രിക്ക് നന്ദിയറിയിച്ച് ഷിബു തെക്കുംപുറം

കോതമംഗലം: പത്ത് വർഷമായി മുടങ്ങിക്കിടക്കുന്ന ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് നിയമസഭയിൽ ഉറപ്പുനൽകിയ വൈദ്യുതി മന്ത്രിക്ക് നന്ദിയറിയിച്ച് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം. പദ്ധതി യാഥാർഥ്യമാക്കുന്നതിനൊപ്പം ഇടമലയാർ അണക്കെട്ടിന്റെ പരിസരങ്ങൾ സഞ്ചാരികൾക്കായി തുറന്നുകൊടുക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.

ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഉറപ്പാക്കി ഇടമലയാർ അണക്കെട്ടിന്റെ പരിസരങ്ങൾ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത് കോതമംഗലത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കാൻ സഹായിക്കുമെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമാണം പുനരാരംഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിൽ കോതമംഗലത്തിന്റെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും ഷിബു തെക്കുംപുറം തന്റെ സാമൂഹികമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി.

വൈദ്യുതി മന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകിയപ്പോൾ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് എൽദോസ് ബേബി എന്നിവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.

Leave a Reply