You are currently viewing നവംബർ ഒന്ന് മുതൽ വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിയും; പുതിയ സേവനം നിർബന്ധമാക്കി കേന്ദ്രം

നവംബർ ഒന്ന് മുതൽ വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിയും; പുതിയ സേവനം നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് നവംബർ ഒന്ന് മുതൽ ഫോൺ വിളിക്കുന്നയാളുടെ പേരും നമ്പറും ഒരുമിച്ച് ഫോണിൽ പ്രദർശിപ്പിക്കുന്ന സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദേശം. ടെലികോം സേവനദാതാക്കൾക്ക് കോളിങ് നെയിം പ്രസന്റേഷൻ (CNAP) സേവനം എല്ലാ ടെലികോം മേഖലകളിലും നടപ്പാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർദേശം നൽകി.

പുതിയ സംവിധാനത്തിലൂടെ വിളിക്കുന്നയാളുടെ നമ്പറിനൊപ്പം ടെലികോം സേവനദാതാവിന്റെ വരിക്കാരുടെ വിവരശേഖരത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരും സ്വീകർത്താവിന്റെ ഫോണിൽ തെളിയും. കോൺടാക്ടുകളിൽ സൂക്ഷിച്ചിട്ടില്ലാത്ത അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള വിളികൾ ‘അന്താരാഷ്ട്ര കോൾ’ എന്ന പേരിലായിരിക്കും പ്രദർശിപ്പിക്കുക.

പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ലാതെ എല്ലാ ഉപയോക്താക്കൾക്കും സേവനം ലഭ്യമാക്കും. നാലാം തലമുറ (4ജി), അതിനു മുകളിലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന വയർലെസ് ശൃംഖലകളിൽ സേവനത്തിന്റെ പരീക്ഷണങ്ങൾ ടെലികോം കമ്പനികൾ പൂർത്തിയാക്കിയതായി വകുപ്പ് അറിയിച്ചു.

അതേസമയം, രണ്ടാം തലമുറ (2ജി), മൂന്നാം തലമുറ (3ജി) സാങ്കേതികവിദ്യകളിലുള്ള വയർലെസ് ശൃംഖലകളിലും ലാൻഡ്‌ലൈൻ സേവനങ്ങളിലും ഈ സംവിധാനം നടപ്പാക്കുന്നത് പിന്നീട് പ്രത്യേകം പരിഗണിക്കുമെന്നും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വ്യക്തമാക്കി.

Leave a Reply