You are currently viewing ജന്തർ മന്തർ പ്രതിഷേധം: സി.ജെ.പി നേതാക്കൾക്കെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്

ജന്തർ മന്തർ പ്രതിഷേധം: സി.ജെ.പി നേതാക്കൾക്കെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ജാതീയ അധിക്ഷേപം നടത്തിയെന്നും അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ച് കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഒക്ടോബർ 13ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് പട്ടികജാതി–പട്ടികവർഗ അതിക്രമ നിരോധന നിയമവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക, രത്ന സിങ് എന്നിവർക്കും ചില മാധ്യമപ്രവർത്തകർക്കുമെതിരെയാണ് കേസ്. ഒക്ടോബർ 3ന് നടന്ന പ്രതിഷേധത്തിനിടെ ജാതീയ അധിക്ഷേപവും അപകീർത്തികരമായ പരാമർശങ്ങളും ഉണ്ടായെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമുള്ള അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ വിവേക് ഭഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മെഘ്‌വാൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ട തനിക്കെതിരെ പരസ്യമായി അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്നും എ.സി.പി പദവിയെ ചോദ്യം ചെയ്യുന്ന ജാതീയ അധിക്ഷേപങ്ങൾ ഉണ്ടായെന്നും വിവേക് ഭഗത് പരാതിയിൽ ആരോപിക്കുന്നു. തന്നെ ലൈംഗിക അതിക്രമം നടത്തുന്നയാളായി ചിത്രീകരിക്കുന്ന തരത്തിലുള്ള സമൂഹമാധ്യമ പോസ്റ്റുകളും പ്രചരിപ്പിച്ചെന്നാണ് ആരോപണം.

അതേസമയം, വിവേക് ഭഗത്തിനെതിരെ ഒരു മാധ്യമപ്രവർത്തക നൽകിയ ലൈംഗിക പീഡന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി നടത്തിയ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് പുതിയ കേസ്. ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അതിക്രമിച്ചു കടന്നെന്നാരോപിച്ചും നേരത്തേ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ സൗരവ് ദാസ്, ആശുതോഷ് റങ്ക തുടങ്ങിയ ചില നേതാക്കളെ ജുഡീഷ്യൽ കസ്റ്റഡിയിലാക്കുകയും ചെയ്തിരുന്നു.

Leave a Reply