You are currently viewing എമിറേറ്റ്‌സ് കാർഗോയുമായി സഹകരണം വിപുലീകരിക്കാൻ കേരളം; കയറ്റുമതി വർധിപ്പിക്കാൻ ചർച്ച

എമിറേറ്റ്‌സ് കാർഗോയുമായി സഹകരണം വിപുലീകരിക്കാൻ കേരളം; കയറ്റുമതി വർധിപ്പിക്കാൻ ചർച്ച

തിരുവനന്തപുരം: ആഗോള വ്യോമയാന രംഗത്തെ പ്രമുഖരായ എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ കാർഗോ വിഭാഗം പ്രതിനിധികൾ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി നിയമസഭയിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിനും കാർഗോ സേവനങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള സാധ്യതകൾ ചർച്ച ചെയ്തു.

വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസുമായി (കെ.എസ്.ഐ.ഇ.) സഹകരിച്ച് എമിറേറ്റ്‌സ് കാർഗോ നിലവിൽ സേവനങ്ങൾ നടത്തിവരുന്നുണ്ട്. ഈ സഹകരണം കൂടുതൽ വിപുലമാക്കുന്നതിനും കേരളത്തിൽ നിന്നുള്ള പുതിയ വ്യാപാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമാണ് ചർച്ച നടത്തിയത്.

എമിറേറ്റ്‌സ് കാർഗോ ഇന്ത്യ മേധാവി അമീർ അൽ സറൂനിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ അലാസിയ സഈദ്, ഡെനിസ റിവേറ എന്നിവരും പങ്കെടുത്തു.

കെ.എസ്.ഐ.ഇ. മുഖേന കേരളത്തിൽ നിന്നുള്ള കയറ്റുമതി ഗണ്യമായി വർധിപ്പിക്കുന്നതിനുള്ള നടപടികളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായത്. കേരളത്തിലെ ഉൽപ്പന്നങ്ങൾ ലോകവിപണികളിൽ വേഗത്തിൽ എത്തിക്കുന്നതിന് എമിറേറ്റ്‌സുമായുള്ള സഹകരണം സഹായകമാകുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. സംസ്ഥാനത്തിന്റെ കാർഗോ, കയറ്റുമതി മേഖലകളിൽ കൂടുതൽ വികസനസാധ്യതകൾ ഇതിലൂടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply