
കൊല്ലം: മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കേരളത്തിലെ ഒരു ട്രെയിനിൽ വിസ്റ്റാഡോം കോച്ച് അനുവദിക്കുന്നത് ആദ്യമായാണെന്നും നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ്, ദക്ഷിണ റെയിൽവേ എന്നിവിടങ്ങളിൽ നടത്തിയ തുടർച്ചയായ ഇടപെടലുകളിലൂടെയാണ് കോച്ച് അനുവദിക്കാൻ കഴിഞ്ഞതെന്ന് എംപി പറഞ്ഞു. യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ തീരുമാനം സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിസ്തൃതമായ ഗ്ലാസ് ജനാലകളിലൂടെ പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ കഴിയുന്ന വിസ്റ്റാഡോം കോച്ച് വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും പുതിയ യാത്രാനുഭവം സമ്മാനിക്കും. പുനലൂർ, കൊട്ടാരക്കര വഴിയുള്ള മധുര–ഗുരുവായൂർ റെയിൽ യാത്രയെ കൂടുതൽ ആകർഷകമാക്കാനും കേരളത്തിന്റെ പ്രകൃതിസൗന്ദര്യം അടുത്തറിയാനും ഇതിലൂടെ സാധിക്കും.
2026 ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെ മധുരയിൽനിന്ന് ഗുരുവായൂരിലേക്കുള്ള 16327-ാം നമ്പർ ട്രെയിനിലും ഒക്ടോബർ 23 മുതൽ 2027 ജനുവരി 16 വരെ ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള 16328-ാം നമ്പർ ട്രെയിനിലും നിശ്ചിത ദിവസങ്ങളിൽ വിസ്റ്റാഡോം കോച്ച് ലഭ്യമാകും.
മധുര–ഗുരുവായൂർ എക്സ്പ്രസ് സർവീസ് യാഥാർഥ്യമാക്കുന്നതിനും നേരത്തേ ഇടപെടാൻ കഴിഞ്ഞിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി. പുതിയ തീരുമാനം യാത്രക്കാർക്ക് കൂടുതൽ മികച്ച അനുഭവം നൽകുമെന്നാണ് പ്രതീക്ഷയെന്നും കേരളത്തിലെ റെയിൽവേ വികസനത്തിനും വിനോദസഞ്ചാര വളർച്ചയ്ക്കും സഹായകരമായ കൂടുതൽ പദ്ധതികൾക്കായി ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.