You are currently viewing മുഖത്തല ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം; ഒരു കോടി രൂപ അനുവദിച്ചു

മുഖത്തല ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം; ഒരു കോടി രൂപ അനുവദിച്ചു

മുഖത്തല: സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം സർക്കാർ ഉറപ്പുവരുത്തുമെന്ന് ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. മുഖത്തല ഗവ. എൽ.പി ആൻഡ് തളിർ പ്രീ പ്രൈമറി സ്‌കൂളിന്റെ പുതിയ കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മുഖത്തല നിവാസികളുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ദീർഘകാല സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകരും മികച്ച പി.ടി.എ പ്രവർത്തനവുമുള്ള മാതൃകാ വിദ്യാലയമാണിതെന്നും മന്ത്രി പറഞ്ഞു.

എം.എൽ.എ എന്ന നിലയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നിർദേശിച്ച അഞ്ച് പദ്ധതികളിലൊന്നാണിത്. സംസ്ഥാന ബജറ്റിൽ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് 569 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാല് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടമാണ് നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ രണ്ടാംഘട്ടത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിർമാണത്തിന് 18 മാസത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, കഴിയുന്നത്ര വേഗത്തിൽ പ്രവൃത്തി പൂർത്തിയാക്കണമെന്ന് മന്ത്രി കരാറുകാരന് നിർദേശം നൽകി.

മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 500-ലധികം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂൾ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് എം.എൽ.എ ഇടപെട്ട് ബജറ്റിൽ തുക അനുവദിച്ചത്.

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അജിത് കുമാർ അധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വർഗീസ് മുഖ്യപ്രഭാഷണം നടത്തി.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ദേവി, ജില്ലാ പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമ, ബ്ലോക്ക് പഞ്ചായത്തംഗം എ.എൽ. നിസാമുദ്ദീൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഷീല, എം. ഗംഗാദേവി, എ. അഫ്സീന, സ്‌കൂൾ ഹെഡ്മിസ്ട്രസ് റോസമ്മ യോഹന്നാൻ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, പി.ടി.എ, എസ്.എം.സി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply