
മധുര–ഗുരുവായൂർ ട്രെയിനിൽ വിസ്റ്റാഡോം കോച്ച് ഉൾപ്പെടുത്തി സർവീസ് ആരംഭിച്ചതിന് പിന്നാലെ ഒരുമിച്ച് യാത്ര ചെയ്ത് എൻ.കെ. പ്രേമചന്ദ്രൻ എംപിയും കൊടിക്കുന്നിൽ സുരേഷ് എംപിയും. വികസന കാര്യങ്ങളിൽ ഇരുവരും ഒരുമിച്ചാണെന്നും മാധ്യമങ്ങൾ തങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കരുതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “ഞങ്ങൾ ഇരുവരും വികസന കാര്യത്തിൽ ഒരുമിച്ചാണ്. ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യും. മാധ്യമങ്ങൾ കുത്തിത്തിരിപ്പ് ഉണ്ടാക്കി ഞങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കരുത്,” കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

മധുര–ഗുരുവായൂർ ട്രെയിനിൽ ഉൾപ്പെടുത്തിയ വിസ്റ്റാഡോം കോച്ചിന് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. മൂന്ന് മാസത്തേക്ക് അനുവദിച്ച സർവീസിലെ റിസർവേഷൻ ഇതിനോടകം പൂർണമായും ബുക്ക് ചെയ്തുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരികൾക്കും സാധാരണ യാത്രക്കാർക്കും ഭക്തജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നിരവധി സവിശേഷതകളുള്ളതാണ് വിസ്റ്റാഡോം കോച്ചോടുകൂടിയ ട്രെയിൻ. ട്രെയിനിലെ ഈ മാറ്റം യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.
കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന സന്ദേശം നൽകുന്നതുകൂടിയായി എംപിമാരുടെ ഈ യാത്ര.