
തിരുവനന്തപുരം: മണ്ണാംകോണം–കള്ളിമൂട്–കുടപ്പനമൂട്–കൂട്ടപ്പൂ റോഡ് റബ്ബറൈസ്ഡ് ടാറിങ് നടത്തി നവീകരിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി കുടപ്പനമൂട് ഭാഗത്ത് ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ന് മുതൽ ഇരുചക്ര വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ സൗകര്യമൊരുക്കിയതായി പാറശ്ശാല എംഎൽഎ സി.കെ. ഹരീന്ദ്രൻ അറിയിച്ചു.

റോഡ് നവീകരണത്തിന്റെ ഭാഗമായി കുടപ്പനമൂട് ഭാഗത്ത് രണ്ട് ദിവസം മുമ്പ് റോഡ് അടച്ച് വാഹനഗതാഗതം നിരോധിച്ചിരുന്നു. പ്രദേശത്തെ മഴക്കാല ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.

നെല്ലിക്കാമലയിൽനിന്ന് ശക്തമായി ഒഴുകിയെത്തുന്ന മഴവെള്ളം നിയന്ത്രിക്കുന്നതിനും കുടപ്പനമൂട് ജങ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനുമായി പൊട്ടൻചിറ ഭാഗത്ത് പുതിയ കലുങ്ക് നിർമിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. മഴവെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിലൂടെ പ്രദേശത്ത് മഴക്കാലത്ത് പതിവായി നേരിടുന്ന വെള്ളക്കെട്ട് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.
റോഡ് റബ്ബറൈസ്ഡ് ടാറിങ് നടത്തി നവീകരിക്കുന്നതും പുതിയ കലുങ്ക് നിർമിക്കുന്നതും പൂർത്തിയാകുന്നതോടെ പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടും. യാത്രക്കാർക്ക് കൂടുതൽ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം മഴക്കാലത്തെ ഗതാഗതപ്രശ്നങ്ങൾക്കും പരിഹാരമാകും.
നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും എംഎൽഎ വ്യക്തമാക്കി.