
വയനാട്: മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് 12 വയസുകാരിക്ക് ദാരുണാന്ത്യം. രണ്ടേനാൽ പടിഞ്ഞാറേപ്പുത്തൻപുരയിൽ രാജേഷ്–സ്വപ്ന ദമ്പതികളുടെ മകൾ ദിവയാണ് മരിച്ചത്. മാനന്തവാടി രണ്ടേനാൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.

അനുജനൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ദിവയെ പിന്നിൽനിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ തെറ്റായ ദിശയിലേക്ക് പാഞ്ഞെത്തി കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർഥികൾ നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംസ്ഥാനത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന റോഡപകടങ്ങൾ വീണ്ടും ആശങ്ക ഉയർത്തുകയാണ്. റോഡിലൂടെ നടന്നുപോകുന്ന കുട്ടികളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും ഈ ദുരന്തം ഓർമിപ്പിക്കുന്നു.