
കൊല്ലം: ബിഹാറിൽ ആർജെഡി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ കൊല്ലത്തുനിന്ന് പിടികൂടി. മുഹമ്മദ് അജാജ് അഹമ്മദ് (30) ആണ് കൊല്ലം ആണ്ടാമുക്കത്തുനിന്ന് അറസ്റ്റിലായത്. കൊല്ലം ഈസ്റ്റ് പൊലീസും ബിഹാർ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
2026 സെപ്റ്റംബർ 12-ന് ബിഹാറിലെ സീതാമാർഥി ജില്ലയിലെ ഡുമറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആർജെഡി ജില്ലാ പഞ്ചായത്ത് അംഗമായ ബൈദ്യനാഥ് മഹ്തോ ഉൾപ്പെടെ രണ്ടുപേരെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ മുഹമ്മദ് അജാജ് അഹമ്മദിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
അതാബുൽ റഹ്മാൻ എന്ന പേരിലും അറിയപ്പെടുന്ന പ്രതി കൊല്ലം ആണ്ടാമുക്കത്ത് കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവിടെ വിവിധ ജോലികളിൽ ഏർപ്പെട്ടാണ് ഇയാൾ കഴിഞ്ഞിരുന്നത്. പ്രതി കൊല്ലത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

കൊലപാതകം, വധശ്രമം, കവർച്ച, ആയുധനിയമ ലംഘനം തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് പതിനൊന്നിലധികം കേസുകൾ ഇയാൾക്കെതിരെ ബിഹാറിലുണ്ടെന്നാണ് വിവരം.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് നേടിയശേഷം തുടർനടപടികൾക്കായി ബിഹാറിലേക്ക് കൊണ്ടുപോകും.