You are currently viewing പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ പ്രിയ ക്യാമറാമാൻ

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ പ്രിയ ക്യാമറാമാൻ

കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആലപ്പുഴയിൽ സിനിമയുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഐസിയുവിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ശുചിമുറിയിലേക്ക് പോകുന്നതിനിടെ വീണ്ടും കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.

മലയാള സിനിമയിലെ അമ്പതിലധികം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള ഷാജി കുമാർ നിരവധി ശ്രദ്ധേയ സിനിമകളുടെ ദൃശ്യഭംഗിക്ക് പിന്നിലെ സാന്നിധ്യമായിരുന്നു. മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രങ്ങളായ ‘പുലിമുരുകൻ’, ‘നരൻ’, ‘ഒടിയൻ’ തുടങ്ങിയവയുടെ ഛായാഗ്രഹണം നിർവഹിച്ചത് അദ്ദേഹമായിരുന്നു.

അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച ‘അതിമനോഹരം’ ഡിസംബർ 24ന് റിലീസ് ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. ‘ഒറ്റക്കൊമ്പൻ’ ഉൾപ്പെടെയുള്ള പുതിയ സിനിമാ പ്രോജക്ടുകളിലും അദ്ദേഹം പ്രവർത്തിച്ചുവരികയായിരുന്നു.

മലയാള സിനിമയ്ക്ക് മികച്ച ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച പ്രതിഭയുടെ വിയോഗം ചലച്ചിത്രലോകത്തിന് വലിയ നഷ്ടമാണ്.

Leave a Reply