You are currently viewing പത്ത് വർഷത്തിലേറെയായി മധുരൈ ഡിവിഷനിൽ ജോലി; മലയാളി ലോക്കോ പൈലറ്റുമാരെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിക്കാൻ ഇടപെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി

പത്ത് വർഷത്തിലേറെയായി മധുരൈ ഡിവിഷനിൽ ജോലി; മലയാളി ലോക്കോ പൈലറ്റുമാരെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിക്കാൻ ഇടപെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ വർഷങ്ങളായി മധുരൈ ഡിവിഷനിൽ ജോലി തുടരേണ്ടിവരുന്ന മലയാളി ലോക്കോ പൈലറ്റുമാരുടെ പ്രശ്നത്തിൽ ഇടപെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി. പത്ത് വർഷത്തിലേറെയായി സ്വന്തം മാതൃ ഡിവിഷനിലേക്ക് സ്ഥലംമാറ്റം ലഭിക്കാതെ ജോലി ചെയ്യുന്നവരടക്കം നിരവധി ജീവനക്കാരാണ് ഈ ദുരിതം അനുഭവിക്കുന്നത്.

വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ലോക്കോ പൈലറ്റുമാരുടെ പ്രതിനിധികൾ മധുരയിൽ എംപിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. കുടുംബത്തിൽനിന്നും സ്വന്തം നാട്ടിലെ സാഹചര്യങ്ങളിൽനിന്നും അകന്ന് ജോലി ചെയ്യേണ്ടിവരുന്ന തങ്ങളുടെ പ്രയാസങ്ങൾ അവർ വിശദീകരിച്ചു.

തുടർന്ന് മധുരൈ ഡിവിഷൻ ആസ്ഥാനം സന്ദർശിച്ച കൊടിക്കുന്നിൽ സുരേഷ് എംപി ഡിവിഷണൽ റെയിൽവേ മാനേജർ ഓം പ്രകാശ് മീണയുമായി കൂടിക്കാഴ്ച നടത്തി. ലോക്കോ പൈലറ്റുമാരുടെ ആവശ്യങ്ങൾ വിശദമായി അവതരിപ്പിച്ച എംപി, കാലതാമസം കൂടാതെ അനുകൂല നടപടി സ്വീകരിച്ച് അർഹരായ ജീവനക്കാർക്ക് തിരുവനന്തപുരം റെയിൽവേ ഡിവിഷനിലേക്ക് മടങ്ങുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.

വിഷയത്തിൽ അനുകൂല നടപടി ഉറപ്പാക്കുന്നതിനുള്ള ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് എംപി അറിയിച്ചു. വർഷങ്ങളായി കുടുംബത്തിൽനിന്നും സ്വന്തം നാടിന്റെ സാഹചര്യങ്ങളിൽനിന്നും അകന്ന് ജോലി ചെയ്യുന്ന ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് തുടർന്നും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply