You are currently viewing അസമിൽ കൊൽക്കത്ത–സൈറാങ് എക്സ്പ്രസ് പാളം തെറ്റി; യാത്രക്കാർ സുരക്ഷിതർ

അസമിൽ കൊൽക്കത്ത–സൈറാങ് എക്സ്പ്രസ് പാളം തെറ്റി; യാത്രക്കാർ സുരക്ഷിതർ

ഗുവാഹത്തി: അസമിൽ കൊൽക്കത്ത–സൈറാങ് എക്സ്പ്രസിന്റെ ലോക്കോമോട്ടീവും അഞ്ച് കോച്ചുകളും പാളം തെറ്റി. നവംബർ 11 ബുധനാഴ്ച രാവിലെ ഗുവാഹത്തിക്ക് സമീപമുള്ള ദിഗാരു റെയിൽവേ സ്റ്റേഷനിലാണ് അപകടം സംഭവിച്ചത്. ട്രെയിൻ നമ്പർ 13125 ആണ് അപകടത്തിൽപ്പെട്ടത്.

രാവിലെ 6.54 ഓടെയായിരുന്നു സംഭവം. മറ്റൊരു ട്രെയിനിന് കടന്നുപോകാൻ മുൻഗണന നൽകുന്നതിനായി കൊൽക്കത്ത–സൈറാങ് എക്സ്പ്രസിനെ സ്റ്റേഷനിലേക്ക് സ്വീകരിക്കുന്നതിനിടെ ലോക്കോ പൈലറ്റിന് ട്രെയിനിന്റെ വേഗത നിയന്ത്രിക്കാനായില്ലെന്നാണ് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ അധികൃതർ നൽകുന്ന പ്രാഥമിക വിവരം.

അപകടത്തിൽ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ആർക്കും ഗുരുതരമായ പരിക്കുകൾ സംഭവിച്ചതായി വിവരമില്ല. യാത്രക്കാരെ മറ്റൊരു ട്രെയിനിലേക്ക് മാറ്റി യാത്ര തുടരാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അപകടത്തെത്തുടർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ജനറൽ മാനേജർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനുള്ള നടപടികളും റെയിൽവേ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

Leave a Reply