
തിരുവനന്തപുരം: മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന 25 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമവും മർദ്ദനവും നടത്തിയ സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ. വിജേഷ് (39) എന്നയാളെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് ജോലിക്ക് പോകുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ എത്തിയപ്പോഴായിരുന്നു സംഭവം. യാത്രയ്ക്കിടെ വിജേഷ് യുവതിയോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ പൊലീസിൽ പരാതി നൽകുമെന്ന് യുവതി മുന്നറിയിപ്പ് നൽകി. ഇതിൽ പ്രകോപിതനായ പ്രതി യുവതിയുടെ മുഖത്തടിക്കുകയും പ്ലാറ്റ്ഫോമിലേക്ക് തള്ളിയിടുകയും ചെയ്തു. മർദ്ദനമേറ്റ യുവതി പ്ലാറ്റ്ഫോമിൽ ബോധരഹിതയായി വീണു.

സംഭവം കണ്ട യാത്രക്കാരും പൊതുജനങ്ങളും ചേർന്ന് പ്രതിയെ തടഞ്ഞുവെച്ച് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. പരിക്കേറ്റ യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി റെയിൽവേ പൊലീസ് അറിയിച്ചു.