You are currently viewing സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രം

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രം

ന്യൂഡൽഹി: വിവാദ ഇസ്ലാമിക പ്രഭാഷകൻ ഡോ. സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐആർഎഫ്) നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ പുറത്തിറക്കി.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) 1967 പ്രകാരമാണ് നിരോധനം നീട്ടിയത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമുദായിക സൗഹാർദത്തിനും മതേതര സ്വഭാവത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെട്ടുവെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ഭീകരവാദത്തോടും രാജ്യവിരുദ്ധ പ്രവർത്തനങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസ് സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. സാമുദായിക വിദ്വേഷം വളർത്തുക, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുക, വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെട്ടിരുന്നതായും പോസ്റ്റിൽ ആരോപിച്ചു.

2016 നവംബറിലാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ കേന്ദ്രസർക്കാർ ആദ്യമായി നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. തുടർന്ന് 2021 നവംബറിൽ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. ഇപ്പോഴത്തെ ഉത്തരവോടെ നിരോധനം വീണ്ടും അഞ്ച് വർഷത്തേക്ക് തുടരും.

സംഘടനയുടെ സ്ഥാപകനും പ്രസിഡന്റുമായ ഡോ. സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളും പ്രസ്താവനകളും വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയതെന്നും മന്ത്രാലയം ആരോപിച്ചു.

രാജ്യവിരുദ്ധ വികാരങ്ങൾ വ്യാപിക്കുന്നത് തടയുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിരോധനം അനിവാര്യമാണെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. രാജ്യത്തിന്റെ സമാധാനവും സാമുദായിക ഐക്യവും സംരക്ഷിക്കുന്നതിനായാണ് നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Leave a Reply