You are currently viewing ഇടുക്കിയിൽ ഏലത്തോട്ടത്തിൽ പാറയിടിഞ്ഞുവീണ് തോട്ടം ഉടമയ്ക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ പാറയിടിഞ്ഞുവീണ് തോട്ടം ഉടമയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: കട്ടപ്പനയ്ക്ക് സമീപം കടമാക്കുഴിയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മലമുകളിൽനിന്ന് കൂറ്റൻ പാറ ഇടിഞ്ഞുവീണ് തോട്ടം ഉടമ മരിച്ചു. ബെന്നി പുരയിടത്തിൽ (സെബാസ്റ്റ്യൻ) ആണ് മരിച്ചത്. ഇന്ന് (നവംബർ 14) രാവിലെ ഒൻപതോടെയായിരുന്നു അപകടം.

ശാസ്താനട പൊത്തക്കള്ളി മലയിൽ ഭാര്യ ജെസിക്കൊപ്പം ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മലമുകളിൽനിന്ന് കൂറ്റൻ പാറക്കൂട്ടം അടർന്നുവീഴുന്നത് കണ്ട് ബെന്നി മറ്റൊരു പാറയുടെ മറവിലേക്ക് മാറിനിൽക്കാൻ ശ്രമിച്ചു. എന്നാൽ നിരങ്ങിനീങ്ങിയ പാറയ്ക്കടിയിൽ അകപ്പെടുകയായിരുന്നു.

ഭാര്യയുടെ നിലവിളി കേട്ട് സമീപത്തെ തോട്ടങ്ങളിൽ ജോലി ചെയ്തിരുന്നവർ ഓടിയെത്തി. ഏറെ പരിശ്രമിച്ചാണ് പാറയ്ക്കടിയിൽനിന്ന് ബെന്നിയെ പുറത്തെടുത്തത്. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുൻപ് ഉരുൾപൊട്ടലുണ്ടായ മേഖലയിലാണ് അപകടം നടന്നത്. പ്രദേശത്ത് വീണ്ടും പാറയിടിയാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആളുകൾ അപകടസ്ഥലത്തേക്ക് പ്രവേശിക്കുന്നത് പോലീസ് നിയന്ത്രിച്ചിരിക്കുകയാണ്.

Leave a Reply