
കൊല്ലം: കൊല്ലം ബൈപ്പാസ് ജംഗ്ഷൻ മുതൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ ദേശീയപാത 183 നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കാൻ ഉന്നതതല യോഗം വിളിച്ചു. നവംബർ 18ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ഏകോപന യോഗം ചേരുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുന്നതിനും ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമാണ് യോഗം. പദ്ധതിയിലെ കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിനെ നേരിൽക്കണ്ട് എംപി അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം തീരുമാനിച്ചത്.
കൊല്ലം ബൈപ്പാസ് ജംഗ്ഷനിലെ കിലോമീറ്റർ 4/200 മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള കിലോമീറ്റർ 58/570 വരെ 54.37 കിലോമീറ്റർ ദൂരത്തിലാണ് നാലുവരിപ്പാത വികസനം നടപ്പാക്കുന്നത്. പദ്ധതിക്ക് 1,663.15 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനും കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമ്മിതികളുടെ നഷ്ടപരിഹാരത്തിനുമായി 653.59 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

കൊല്ലം, ആലപ്പുഴ ജില്ലകളിലായി ഏകദേശം 70.26 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. സമാന്തര റെയിൽവേ മേൽപ്പാലം, മൂന്ന് വലിയ പാലങ്ങൾ, ആറ് ചെറിയ പാലങ്ങൾ, അണ്ടർപാസ്, ഓവർപാസ് സംവിധാനങ്ങൾ, ബസ് ബേകൾ, യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
നവംബർ 18ന് നടക്കുന്ന യോഗത്തിൽ ഭൂമി ഏറ്റെടുക്കൽ, നഷ്ടപരിഹാര നിർണയം, റെയിൽവേയുടെ സാങ്കേതിക അനുമതി, വൈദ്യുതി, കുടിവെള്ളം, ടെലിഫോൺ സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യും. 19 വിഭാഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
കേന്ദ്രസർക്കാരിന്റെ അനുമതിയും ആവശ്യമായ സാമ്പത്തിക വകയിരുത്തലും ലഭിച്ച സാഹചര്യത്തിൽ നിർമ്മാണം ആരംഭിക്കുന്നതിൽ ഇനി കാലതാമസം ഉണ്ടാകരുതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. ഓരോ വകുപ്പിനും വ്യക്തമായ ഉത്തരവാദിത്തവും സമയപരിധിയും നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലം മുതൽ ചെങ്ങന്നൂർ വരെയുള്ള യാത്രാദുരിതത്തിന് വലിയ പരിഹാരമാകുന്നതാണ് ദേശീയപാത 183ന്റെ വികസനം. പ്രദേശത്തെ വ്യാപാര, വ്യവസായ, വിനോദസഞ്ചാര മേഖലകളുടെ വളർച്ചയ്ക്കും പദ്ധതി നിർണായകമാകുമെന്നാണ് പ്രതീക്ഷ. പദ്ധതി യാഥാർഥ്യമാകുന്നതുവരെ ആവശ്യമായ ഇടപെടലുകളും തുടർനടപടികളും ശക്തമായി തുടരുമെന്നും എംപി അറിയിച്ചു.