You are currently viewing ആലപ്പുഴ റെസ്റ്റ് ഹൗസിൽ ജീവനക്കാരില്ല; അഞ്ച് പേരെ സസ്പെൻഡ് ചെയ്തു

ആലപ്പുഴ റെസ്റ്റ് ഹൗസിൽ ജീവനക്കാരില്ല; അഞ്ച് പേരെ സസ്പെൻഡ് ചെയ്തു

ആലപ്പുഴ: മന്ത്രി സന്ദർശനത്തിനിടെ റിസപ്ഷനിൽ ജീവനക്കാരെ ആരെയും കാണാതിരുന്നതിനെത്തുടർന്ന് ആലപ്പുഴ ബീച്ചിന് സമീപത്തെ റെസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ മിന്നൽ പരിശോധനയിലാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് മന്ത്രി റെസ്റ്റ് ഹൗസിലെത്തിയത്. ഈ സമയം റിസപ്ഷനിൽ ജീവനക്കാരാരും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. ഇതോടെ സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകി.

തുടർന്ന് ചീഫ് എൻജിനീയറുടെയും എക്സിക്യൂട്ടീവ് എൻജിനീയറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും അസിസ്റ്റന്റ് എൻജിനീയറും റെസ്റ്റ് ഹൗസിലെത്തി പരിശോധന നടത്തി. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരിൽ കെ. കമർ, എം.ആർ. രാമാനുജൻ എന്നിവർ മാത്രമാണ് ഹാജർ ബുക്കിൽ ഒപ്പിട്ടിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.

മാനേജർ വി.വി. വിപിനൻ, മേട്ടി ശ്രീകല നന്ദനൻ, ബട്‌ലർ ബിനു സെബാസ്റ്റ്യൻ എന്നിവർ ഹാജർ രേഖപ്പെടുത്തിയിരുന്നില്ല.

മന്ത്രി എത്തിയ സമയത്ത് കമറും ബിനുവും ഉച്ചഭക്ഷണം കഴിക്കാൻ പുറത്തുപോയതായിരുന്നുവെന്നും താനും ശ്രീകലയും രാമാനുജനും റെസ്റ്റ് ഹൗസിലെ ഒരു മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നുവെന്നുമാണ് മാനേജർ ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം.

പൊതുജനങ്ങൾക്കും കുറഞ്ഞ ചെലവിൽ താമസസൗകര്യം ലഭ്യമാക്കുന്നതിനായി ‘പീപ്പിൾസ് റെസ്റ്റ് ഹൗസുകളായി’ നവീകരിച്ച വിശ്രമമന്ദിരങ്ങളിൽ മികച്ച സേവനവും ജീവനക്കാരുടെ കൃത്യമായ സാന്നിധ്യവും ഉറപ്പാക്കേണ്ടതുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.

ഹാജർ രേഖപ്പെടുത്താതിരുന്നതും ഡ്യൂട്ടി സമയത്ത് റിസപ്ഷനിൽ ജീവനക്കാരില്ലാതിരുന്നതും ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കിയാണ് അഞ്ച് ജീവനക്കാരെയും സസ്പെൻഡ് ചെയ്തത്.

Leave a Reply