
കണ്ണൂർ: സി.പി.എം കഴിഞ്ഞകാല അനുഭവങ്ങളിൽനിന്ന് ഒരു പാഠവും പഠിക്കുന്നില്ലെന്ന വിമർശനവുമായി കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പരിപാടി അലങ്കോലപ്പെടുത്തുകയും അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റിനെ മർദിക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് ടി.ഒ. മോഹനന്റെ പ്രതികരണം.
സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളെന്ന് പാർട്ടി തന്നെ വിശേഷിപ്പിക്കുന്ന പയ്യന്നൂരിലും തളിപ്പറമ്പിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തോൽവി നേരിടേണ്ടിവന്നത് ജനങ്ങൾ നൽകിയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ടും തെറ്റുതിരുത്തലിന് തയ്യാറാകില്ലെന്ന പ്രഖ്യാപനമാണ് ഓരോ ദിവസത്തെയും സംഭവവികാസങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ജന്തർ മന്തറിൽ പോയി ജനാധിപത്യത്തിനുവേണ്ടി ഏതാനും പേരെ പങ്കെടുപ്പിച്ച് മുദ്രാവാക്യം വിളിക്കുന്നവർ കേരളത്തിൽ നടപ്പാക്കുന്ന ജനാധിപത്യവിരുദ്ധ നടപടികൾ ജനങ്ങൾ കാണുന്നുണ്ടെന്നും ടി.ഒ. മോഹനൻ പറഞ്ഞു.

ഇന്ന് പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പരിപാടി അലങ്കോലപ്പെടുത്തിയതും അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റിനെ മർദിച്ചതും സി.പി.എം പിന്തുടരുന്ന രാഷ്ട്രീയ നിലപാടുകളുടെ ഫലമാണെന്നും അദ്ദേഹം ആരോപിച്ചു.
വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലെ ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണെന്നും അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതുവരെ ജനങ്ങൾക്കിടയിൽ സജീവമായി ഉണ്ടാകുമെന്നും ടി.ഒ. മോഹനൻ വ്യക്തമാക്കി. അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായാലും ജനാധിപത്യവിശ്വാസികളുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.