
കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിന് 2015-ൽ അനുവദിച്ച സർക്കാർ പോളിടെക്നിക് കോളജ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുന്നു. അടുത്ത അധ്യയന വർഷം തന്നെ താൽക്കാലിക സംവിധാനത്തിൽ ക്ലാസുകൾ ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്.
ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. പോളിടെക്നിക് കോളജിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതും സ്ഥിരം കെട്ടിടം നിർമിക്കുന്നതുവരെ താൽക്കാലിക സംവിധാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതുമാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്.
വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം വിളിച്ചുചേർത്ത് കോളജിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കോളജ് യാഥാർഥ്യമാക്കുന്നതിനായി സർക്കാർ പ്രത്യേക ധനസഹായം ലഭ്യമാക്കുന്നതിനും സാമൂഹിക ഉത്തരവാദിത്വ പദ്ധതികളിലൂടെ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനും ഇടപെടൽ നടത്തും.
പഠനത്തോടൊപ്പം തൊഴിൽപരിശീലനത്തിനും പ്രാധാന്യം നൽകുന്ന തരത്തിലായിരിക്കും കോഴ്സുകൾ ആസൂത്രണം ചെയ്യുക. പുതുതലമുറയുടെ തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്ന നൂതന കോഴ്സുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
2015-ൽ പ്രഖ്യാപിച്ച സർക്കാർ പോളിടെക്നിക് കോളജ് യാഥാർഥ്യമാകുന്നതോടെ തിരുവമ്പാടി മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
സി.കെ. കാസിം എംഎൽഎയുടെ നേതൃത്വത്തിലാണ് കോളജ് ആരംഭിക്കുന്നതിനുള്ള തുടർനടപടികൾക്ക് വേഗം കൂട്ടുന്നത്.