
കൊല്ലം: ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് കേരളത്തിലേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി ചെങ്കോട്ട–തെങ്കാശി–പുനലൂർ റെയിൽപാത വഴി കൊല്ലത്തേക്ക് രണ്ട് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചു. ചാർലപ്പള്ളി–ചെങ്കോട്ട ട്രെയിൻ കൊല്ലം വരെ നീട്ടിയതിനൊപ്പം നന്ദേഡ്–കൊല്ലം പുതിയ സ്പെഷ്യൽ സർവീസും അനുവദിച്ചിട്ടുണ്ട്.
കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിനെ തുടർന്നാണ് സർവീസുകൾ അനുവദിച്ചതെന്ന് അദ്ദേഹം അറിയിച്ചു. അനുവദിച്ച രണ്ട് ട്രെയിനുകൾക്കും ശബരിമലയുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കൊട്ടാരക്കരയിൽ സ്റ്റോപ്പും ലഭിച്ചിട്ടുണ്ട്.
അനുവദിച്ച ട്രെയിൻ സർവീസുകൾ:

1\. ചാർലപ്പള്ളി–കൊല്ലം–ചാർലപ്പള്ളി
* ട്രെയിൻ നമ്പർ: 07691/07692
* നേരത്തെ ചാർലപ്പള്ളി–ചെങ്കോട്ട–ചാർലപ്പള്ളി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ട്രെയിനാണ് കൊല്ലം വരെ നീട്ടിയത്.
2\. നന്ദേഡ്–കൊല്ലം–നന്ദേഡ്
* ട്രെയിൻ നമ്പർ: 07687/07688
* ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം പരിഗണിച്ച് അനുവദിച്ച പുതിയ പ്രത്യേക സർവീസ്.
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ തീർത്ഥാടന പ്രാധാന്യം കൂടി പരിഗണിച്ചാണ് രണ്ട് ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന അയ്യപ്പഭക്തർക്ക് കൊട്ടാരക്കരയിലേക്ക് നേരിട്ട് റെയിൽ മാർഗം യാത്ര ചെയ്യാൻ കഴിയും.
ചെങ്കോട്ടയിൽ സർവീസ് അവസാനിപ്പിച്ചിരുന്ന ട്രെയിനുകൾ പുനലൂർ വഴി കൊല്ലം വരെ നീട്ടണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽക്കണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി നിവേദനം നൽകിയിരുന്നു. കഴിഞ്ഞയാഴ്ച മധുര ഡിവിഷനിൽ നടന്ന റെയിൽവേ അവലോകന യോഗത്തിലും വിഷയം ഉന്നയിച്ചു. ശബരിമല തീർത്ഥാടനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചെങ്കോട്ട–തെങ്കാശി–കൊട്ടാരക്കര വഴി കൊല്ലത്തേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവേ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പുതിയ സർവീസുകൾ നിലവിൽ വരുന്നതോടെ തെക്കൻ തമിഴ്നാട് വഴി കേരളത്തിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് ചെങ്കോട്ടയിൽ ഇറങ്ങി റോഡ് ഗതാഗതത്തെയോ മറ്റ് ട്രെയിൻ കണക്ഷനുകളെയോ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാകും. പുനലൂർ, കൊട്ടാരക്കര, കൊല്ലം മേഖലകളിലെ തീർത്ഥാടകർക്കും പൊതുയാത്രക്കാർക്കും സർവീസുകൾ പ്രയോജനപ്പെടും.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട റെയിൽവേ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും കൊല്ലം ജില്ലയിലെ റെയിൽവേ വികസന ആവശ്യങ്ങൾക്കുമായി തുടർന്നും ഇടപെടലുകൾ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.