
റാസൽഖൈമ | യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. അൽ വതൻ റോഡിലാണ് ചൊവ്വാഴ്ച അപകടമുണ്ടായത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അപകടവിവരം ലഭിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തി. ആംബുലൻസ് സർവീസ്, സിവിൽ ഡിഫൻസ് തുടങ്ങിയ വിഭാഗങ്ങളുടെ ഏകോപനത്തോടെ രക്ഷാപ്രവർത്തനവും വൈദ്യസഹായവും ലഭ്യമാക്കി. അപകടസ്ഥലത്ത് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും അധികൃതർ നടപടികൾ സ്വീകരിച്ചു.
അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിലെ കണ്ടെത്തലുകൾ പൂർത്തിയായശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും മന്ത്രാലയം അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ ദേശീയത, പരിക്കേറ്റവരുടെ എണ്ണം, അപകടസമയത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അപകടവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.