
ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കും അംഗീകാരമില്ലാത്ത പ്രോട്ടീൻ പൗഡറുകൾക്കുമെതിരെ സംസ്ഥാനവ്യാപക പരിശോധനയ്ക്ക് നിർദ്ദേശം നൽകി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധനയും തുടർനടപടികളും നടത്തുന്നത്.
നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് പിന്നിലുള്ള ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടികളും ഉണ്ടാകും. വ്യാജ അവകാശവാദങ്ങളിലൂടെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിലൂടെയും ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന വ്ലോഗർമാരെയും നിയമനടപടിയുടെ പരിധിയിൽ കൊണ്ടുവരും.
ഉൽപ്പന്നങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനൊപ്പം അവയുടെ വിതരണശൃംഖലയും വിശദമായി പരിശോധിക്കും. നിർമ്മാതാക്കൾ, വിതരണക്കാർ, വിൽപ്പനക്കാർ എന്നിവർക്കെതിരെ നിയമാനുസൃത നടപടി ഉറപ്പാക്കുകയാണ് ലക്ഷ്യം.

ആകർഷകമായ പരസ്യങ്ങളിലും ചുരുങ്ങിയ സമയത്തിനുള്ളിൽ ഫലം ലഭിക്കുമെന്ന വാഗ്ദാനങ്ങളിലും വിശ്വസിച്ച് ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. സൗന്ദര്യവർധക വസ്തുക്കളും പ്രോട്ടീൻ സപ്ലിമെന്റുകളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ അംഗീകൃത ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.
ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.