You are currently viewing ഓരോ താരത്തിനും ഓരോ കാർ; ഈജിപ്ത് ലോകകപ്പ് സംഘത്തെ ആദരിച്ച് യുഎഇ വ്യവസായി

ഓരോ താരത്തിനും ഓരോ കാർ; ഈജിപ്ത് ലോകകപ്പ് സംഘത്തെ ആദരിച്ച് യുഎഇ വ്യവസായി

2026 ഫിഫ ലോകകപ്പിൽ ചരിത്ര നേട്ടം കൈവരിച്ച ഈജിപ്ത് ദേശീയ ഫുട്ബോൾ ടീമിനും സംഘത്തിനും അഭിനന്ദനമായി യുഎഇയിലെ ശതകോടീശ്വരനായ മുഹമ്മദ് ഖലഫ് അൽ ഹബ്തൂർ മിത്സുബിഷി കാറുകൾ സമ്മാനിച്ചു.

കളിക്കാർ, പരിശീലകർ, സാങ്കേതിക വിഭാഗം, മെഡിക്കൽ ടീം, ഭരണസമിതി അംഗങ്ങൾ എന്നിവരുള്‍പ്പെടെ ലോകകപ്പ് സംഘത്തിലെ എല്ലാ അംഗങ്ങൾക്കും ഓരോ മിത്സുബിഷി കാർ വീതമാണ് നൽകുന്നത്. ടീമിന്റെ ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരുടെയും ആത്മാർഥമായ പരിശ്രമങ്ങൾക്കുള്ള ആദരസൂചകമായാണ് ഈ സമ്മാനമെന്ന് അൽ ഹബ്തൂർ വ്യക്തമാക്കി.

2026 ഫിഫ ലോകകപ്പിൽ ഈജിപ്ത് ചരിത്രത്തിലാദ്യമായി ഒരു മത്സരം ജയിക്കുകയും ആദ്യമായി പ്രീക്വാർട്ടർ (റൗണ്ട് ഓഫ് 16) ഘട്ടത്തിലെത്തുകയും ചെയ്തു. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയ ഈജിപ്ത്, ക്വാർട്ടർ പ്രവേശനത്തിനായുള്ള പോരാട്ടത്തിൽ 2-0ന് മുന്നിലായിരുന്നിട്ടും അർജന്റീനയോട് 3-2ന് പരാജയപ്പെട്ടാണ് ടൂർണമെന്റിൽ നിന്ന് പുറത്തായത്.

ഈജിപ്തിന്റെ ലോകകപ്പ് പ്രകടനം മുഴുവൻ അറബ് ലോകത്തിനും അഭിമാനവും പ്രചോദനവുമായിരുന്നുവെന്ന് അൽ ഹബ്തൂർ പറഞ്ഞു. രാജ്യാതിർത്തികൾക്കപ്പുറം അറബ് ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായാണ് ഈ സമ്മാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മാന വിതരണവുമായി ബന്ധപ്പെട്ട നടപടികൾ ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷനുമായി ഏകോപിപ്പിച്ചാണ് പൂർത്തിയാക്കിയതെന്നും ലോകകപ്പ് സംഘത്തിലെ ഓരോ അംഗത്തിനും വാഹനം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply