
ബെംഗളൂരു: ഇന്ത്യൻ വ്യോമസേനയിലെ മലയാളി മുൻ സൈനികൻ വിങ് കമാൻഡർ കുര്യൻ വർഗീസിന് നൂറാം പിറന്നാൾ ആശംസിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. 1926 ഓഗസ്റ്റ് 18ന് ജനിച്ച കുര്യൻ വർഗീസ് 2026 ഓഗസ്റ്റ് 18നാണ് നൂറാം പിറന്നാൾ ആഘോഷിച്ചത്.

ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26ന് ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻ ലഭിച്ച ആദ്യകാല ഉദ്യോഗസ്ഥരിൽ ഒരാളാണ് കുര്യൻ വർഗീസ്. സർവീസ് നമ്പർ 3742 ആയിരുന്ന അദ്ദേഹം അഡ്മിനിസ്ട്രേഷൻ/എ&എസ്ഡി വിഭാഗത്തിലായിരുന്നു സേവനം അനുഷ്ഠിച്ചത്. നിയമരംഗത്ത് കരിയർ ആരംഭിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ റിക്രൂട്ട്മെന്റ് ഓഫീസറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി വ്യോമസേനയിൽ ചേരുകയായിരുന്നു.
1949 മുതൽ 1961 വരെ ന്യൂഡൽഹിയിലെ എയർ ഫോഴ്സ് ഹെഡ്ക്വാർട്ടേഴ്സിലും തുടർന്ന് ബെംഗളൂരു, കൂനൂർ, ഷില്ലോങ്, അലഹാബാദ് തുടങ്ങിയ സ്ഥലങ്ങളിലുമായി അദ്ദേഹം വിവിധ ചുമതലകൾ വഹിച്ചു. 1972 ഏപ്രിൽ ഒന്നിന് വിങ് കമാൻഡറായി സ്ഥാനക്കയറ്റം ലഭിച്ചു. 1978 ഓഗസ്റ്റ് 31നാണ് 52-ാം വയസ്സിൽ സർവീസിൽ നിന്ന് വിരമിച്ചത്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചിതാഭസ്മം ശേഖരിച്ച് നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിനുള്ള ചുമതല ലഭിച്ചതും അദ്ദേഹത്തിന്റെ സൈനിക ജീവിതത്തിലെ ശ്രദ്ധേയമായ സംഭവങ്ങളിലൊന്നാണ്.
നൂറാം പിറന്നാളിനോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ ബെംഗളൂരുവിലെ വസതിയിൽ പ്രത്യേക ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് നേരിട്ടെത്തി കുര്യൻ വർഗീസിനെ ആദരിച്ചു. ട്രെയിനിങ് കമാൻഡ് എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ എസ്. ശ്രീനിവാസ്, മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥർ, എയർ ഫോഴ്സ് ഫാമിലി വെൽഫെയർ അസോസിയേഷൻ പ്രതിനിധികൾ, മുൻ സൈനികർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.