You are currently viewing ചങ്ങരംകുളത്ത് ദേശീയപാതയിൽ അപകടം; മൂന്ന് മരണം

ചങ്ങരംകുളത്ത് ദേശീയപാതയിൽ അപകടം; മൂന്ന് മരണം

ചങ്ങരംകുളം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ഇന്നോവ കാർ ഇടിച്ചുണ്ടായ ദാരുണ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ആലംകോട് സ്വദേശിനിയായ യുവതിയും ബന്ധുക്കളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. കോഴിക്കോട് റൂട്ടിൽ കോഹിനൂർ ഭാഗത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
മരിച്ചവർ ആലംകോട് സൂറത്ത് പള്ളിക്ക് സമീപമുള്ള മണാളത്ത് വളപ്പിൽ അബ്ദുൽ മജീദിന്റെ മകൾ ജഹാന ഷെറിൻ (25), മജീദിന്റെ സഹോദരിയുടെ മകളായ തെക്കത്തുവളപ്പിൽ ഇബ്രാഹിമിന്റെ മകൾ ഷഹീന (36), ഷഹീനയുടെ ഭർത്താവും തൃശൂർ കേച്ചേരി സ്വദേശിയുമായ ഷാഫിദ് (40) എന്നിവരാണ്.

ബന്ധുക്കളോടൊപ്പം കോഴിക്കോട് സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.

അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന മറ്റ് ബന്ധുക്കൾ മറ്റൊരു വാഹനത്തിൽ മുന്നിലായിരുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജഹാന ഷെറിൻ, ഷഹീന, ഷാഫിദ് എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കൂടുതൽ കാരണങ്ങൾ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply