
തിരുവനന്തപുരം: ഒൻപത് ദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിക്കാൻ കെഎസ്ഇബി മീറ്റർ റീഡർമാർ ധാരണയായി. വൈദ്യുതി മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.

സമരത്തിന്റെ ഭാഗമായി ജോലിയിൽനിന്ന് പിരിച്ചുവിട്ട മീറ്റർ റീഡർമാരെ തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്. ശമ്പള വർധനവ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനായി അടുത്ത വ്യാഴാഴ്ച വീണ്ടും യോഗം ചേരും.

വേതന വർധനവ് ആവശ്യപ്പെട്ടും പുതിയ സ്മാർട്ട് മീറ്റർ റീഡിങ് വ്യവസ്ഥകൾക്കെതിരെയുമായിരുന്നു ജീവനക്കാർ സമരം ആരംഭിച്ചത്. സമരം നീണ്ടതോടെ സംസ്ഥാനത്തെ വൈദ്യുതി ബിൽ വിതരണത്തെയും മീറ്റർ റീഡിങ് നടപടികളെയും ബാധിച്ചിരുന്നു.
സമരം പിൻവലിക്കുന്നതോടെ മുടങ്ങിക്കിടന്ന ബിൽ വിതരണവും അനുബന്ധ നടപടികളും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. ജീവനക്കാരുടെ മറ്റ് ആവശ്യങ്ങളിൽ അടുത്ത യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.