
ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (എസ്.ഐ.ആർ) ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് ജന്തർ മന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചതിനെയും ട്രെയിനുകൾ റദ്ദാക്കിയതിനെയും രൂക്ഷമായി വിമർശിച്ച സംഘടനാ സ്ഥാപകൻ അഭിജീത് ദിപ്‌കെ, യുവജനങ്ങളെ സർക്കാർ ഭയപ്പെടുന്നതിന്റെ തെളിവാണ് നടപടികളെന്ന് ആരോപിച്ചു.

ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലമാണെന്നും അവിടെ സമരം നടത്താൻ പൊലീസിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നുമാണ് ദിപ്‌കെയുടെ നിലപാട്. അനുമതി നിഷേധിച്ചാലും പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്നും അറസ്റ്റുൾപ്പെടെയുള്ള നടപടികൾ നേരിടാൻ പ്രവർത്തകർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുവജനങ്ങളെ ഭയപ്പെടുന്നെങ്കിൽ രാജ്യം മുഴുവൻ അടച്ചിടട്ടെയെന്നായിരുന്നു ട്രെയിനുകൾ റദ്ദാക്കിയ നടപടിയോടുള്ള ദിപ്‌കെയുടെ പരിഹാസം. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവരെ തടയാനുള്ള നീക്കമായാണ് ഗതാഗത നിയന്ത്രണങ്ങളെ സംഘടന കാണുന്നത്.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ അർഹരായ വോട്ടർമാർ പുറത്താകുന്നുവെന്നും നടപടികളിൽ ക്രമക്കേടുകളുണ്ടെന്നും സി.ജെ.പി ആരോപിക്കുന്നു. ഇതിൽ സ്വതന്ത്ര അന്വേഷണം നടത്തുക, വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട നടപടികൾ പുനഃപരിശോധിക്കുക, തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിൽ പരിഷ്കാരം കൊണ്ടുവരിക എന്നിവയും സംഘടനയുടെ ആവശ്യങ്ങളാണ്.
എന്നാൽ, ഇരട്ടപ്പേരുകളും മരിച്ചവരുടെയും അർഹതയില്ലാത്തവരുടെയും പേരുകളും നീക്കി വോട്ടർ പട്ടിക ശുദ്ധീകരിക്കുകയാണ് പരിഷ്കരണത്തിന്റെ ലക്ഷ്യമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.
പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചതും ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതും ഡൽഹിയിൽ സമരത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾക്കിടയിലും പ്രതിഷേധം നടത്തുമെന്ന സി.ജെ.പിയുടെ പ്രഖ്യാപനത്തോടെ ഒക്ടോബർ 10ലെ സമരം ദേശീയ ശ്രദ്ധ നേടുകയാണ്.